ട്രംപിന്റെ 'ഇറാൻ താരിഫിൽ' ആശങ്ക പ്രകടിപ്പിച്ച് ശശി തരൂർ
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്െ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂർ. 75 ശതമാനം താരിഫ് ചുമത്തിക്കഴിഞ്ഞാൽ ഒരു ഇന്ത്യൻ കമ്പനിക്കും അമേരിക്കയുമായി കയറ്റുമതി വ്യാപാര ബന്ധത്തിന് കഴിയില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
തുടക്കം മുതൽ തന്നെ അമേരിക്കയുടെ താരിഫ് പ്രഖ്യാപനങ്ങളിൽ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യയിൽ ഇന്ത്യയ്ക്ക് സമാനമായ വ്യാപാര രാജ്യങ്ങളായ വിയറ്റ്നാം, തായിലന്റ്, ഇന്തോനേഷ്യ, പാകിസ്ഥാൻ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങൾക്ക് 15നും 19നും ഇടയിലാണ് താരിഫ്. ഇന്ത്യക്ക് ആദ്യ ഘട്ടത്തിൽ 25 ശതമാനം താരിഫാണ് ചുമത്തിയത്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ താരിഫ് വർധിപ്പിച്ചതോടെ 25 ശതമാനം കൂടി താരിഫ് ചുമത്തി. റഷ്യൻ ഉപരോധത്തിന്റെ പേരിൽ അത് 75 ശതമാനാക്കിയിരിക്കുകയാണ്. 75 ശതമാനം താരിഫ് ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കയുമായി വ്യാപാരം ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുന്നു. തരൂർ വിശദീകരിച്ചു.
25 ശതമാനം താരിഫ് കൂടി ചുമത്തിയാൽ ഇന്ത്യക്ക് മരുന്ന് പോലുള്ള ഉൽപ്പന്നങ്ങൾ മാത്രമേ യു.എസിൽ ഇറക്കുമതി ചെയ്യാൻ കഴിയൂ എന്നും അത് പ്രശ്നം വഷളാക്കുമെന്നും ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. യു.എസുമായുള്ള വ്യാപാര കരാറിൽ പുതിയ യു.എസ് അംബാസിഡറിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
