നേപ്പാളിലെ ഭീകരാവസ്ഥ പങ്കുവെച്ച് ശശി തരൂർ
വടക്കൻ നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭീകരമായ മിന്നൽ പ്രളയത്തെയും കെടുതികളെയും കുറിച്ച് ഒന്നുമറിയാതെ കാഠ്മണ്ഡുവിൽ എത്തിയ അനുഭവം പങ്കിട്ട് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. തലസ്ഥാന നഗരിയിൽ വിമാനമിറങ്ങിയ ശേഷമാണ് മലനിരകളിൽ വിതയ്ക്കപ്പെട്ട വൻ നാശത്തെക്കുറിച്ചും മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും താൻ വിവരമറിഞ്ഞതെന്ന് തരൂർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്."മലനിരകളിൽ ഇത്രയും വലിയൊരു നാശനഷ്ടമുണ്ടാക്കിയ സംഭവവികാസങ്ങളെക്കുറിച്ച് പൂർണ്ണമായും അറിയാതെയാണ് ഞാൻ ഇന്നലെ കാഠ്മണ്ഡുവിലേക്ക് വിമാനം കയറിയത്"— തരൂർ എക്സിൽ കുറിച്ചു. കാഠ്മണ്ഡുവിൽ എത്തിയപ്പോഴാണ് 160 പേർ മരണപ്പെട്ടതായും രണ്ടായിരത്തിലധികം പേരെ കാണാതായതായും സ്ഥിരീകരിച്ച വിവരങ്ങൾ താൻ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള രസുവ ജില്ലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിൽ ഭോട്ടെ കോശി, തൃശൂലി നദികളിലൂടെയാണ് വൻ നാശം വിതച്ചത്. ആഗോളതാപനമോ അല്ലെങ്കിൽ തിബറ്റിലുണ്ടായ ഭൂകമ്പമോ കാരണം കൂറ്റൻ ഹിമാനി പൊട്ടി താഴെയുള്ള താഴ്‌വരയിലേക്ക് ഇരച്ചെത്തിയതാണ് ഈ പ്രളയത്തിന് കാരണമായതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നതെന്നും തരൂർ വിവരിച്ചു.
