റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്
റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി നേതാവ് ഷോൺ ജോർജ്. 2023 മുതൽ സ്ഥാപനത്തിന് ഓഡിറ്റ് നടത്തിയിട്ടില്ലെന്നും സ്ഥാപനത്തിൽ വ്യാപക ക്രമക്കേടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കമ്പനി നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും വിദേശ ധന വിനിമയ ഇടപാടുകളിലും ക്രമക്കേട് നടന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടി തട്ടിപ്പുകൾ നടന്നതായും ഷോൺ ജോർജ് പരാതിയിൽ പറയുന്നു. ട്രേഡ് മാർക്ക് കൈമാറ്റം ചെയ്തതിലും തട്ടിപ്പ് എന്ന് ആക്ഷേപം. സിബിഐ, ഇഡി, എസ്എഫ്ഐഓ, ഇൻകം ടാക്സ് ഉൾപ്പെടെ ഏഴ് ഏജൻസികൾക്ക് ആണ് പരാതി നൽകിയത്. അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുക്കണം എന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇൻകം ടാക്സ് ഉൾപ്പെടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണം എന്നും ആവശ്യം. സംസ്ഥാന സർക്കാർ രൂപികരിച്ച എസ്ഐടി കൊണ്ട് കാര്യമില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
കമ്പനി രൂപീകരിച്ചത് തന്നെ തട്ടിപ്പ് നടത്തുന്നതിനാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ നികേഷ് കുമാറിന്റെ പേരിലുള്ളതായിരുന്നു. അത് കൈമാറ്റം ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ ഷെയറുകൾ അത് കൈമാറിയിട്ടില്ല. രേഖകളിൽ നികേഷ് കുമാർ തന്നെയാണ് ഉടമസ്ഥൻ. 10 ലക്ഷം രൂപ മാത്രം ക്യാപ്പിറ്റൽ ആണ് ഇപ്പോഴത്തെ റിപ്പോർട്ടറിന് ഉള്ളത്. ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ഫയൽ ചെയ്യാൻ റിപ്പോർട്ടർ ചാനൽ തയ്യാറായിട്ടില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
