ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം ശക്തമാക്കി ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകി

  1. Home
  2. Latest

ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം ശക്തമാക്കി ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകി

image


ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ശക്തമാക്കി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ഹസീന അപേക്ഷ നൽകിയതായി അവാമി ലീഗ് പാർട്ടി അറിയിച്ചു. ഡിസംബറോടെ രാജ്യത്തേക്ക് മടങ്ങിയെത്താനാണ് ഹസീനയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ.

2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ന്യൂഡൽഹിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വഴിയുള്ള പാസ്‌പോർട്ട് അപേക്ഷ.

പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ് അപേക്ഷകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. വിദേശകാര്യ, നിയമ മന്ത്രാലയങ്ങളാണ് പരിശോധന നടത്തുന്നത്. പാസ്‌പോർട്ട് നിയമം, പൗരത്വ നിയമം, ദേശീയ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയും പരിശോധിക്കും. അതേസമയം, ഇന്ത്യയിൽ കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യയ്ക്ക് കത്ത് നൽകിയതായും മന്ത്രി അറിയിച്ചു.

എന്നാൽ ഹസീനയ്ക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിനെതിരെ കടുത്ത നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ സാധാരണ യാത്രക്കാരിയെപ്പോലെ പരിഗണിക്കാനാകില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കോബിർ പറഞ്ഞു. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യയിൽനിന്ന് അവരെ ബംഗ്ലാദേശിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.