ഷുഹൈബ് വധക്കേസ് ; പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

  1. Home
  2. Latest

ഷുഹൈബ് വധക്കേസ് ; പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

     high court


 

ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന ന്യായമായ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. നിലവിലെ കോടതിയിൽ തന്നെ വിചാരണ തുടരാൻ നിർദ്ദേശിച്ച ഹൈക്കോടതി, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗത്തിന് പൂർണ്ണ സ്വാതന്ത്ര്യവും ന്യായമായ അവസരവും ഉറപ്പാക്കണമെന്നും വ്യക്തമാക്കി.വിചാരണയിൽ ഇരുവിഭാഗത്തിനും പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തം ഉറപ്പാക്കാൻ സെഷൻസ് ജഡ്ജി ശ്രദ്ധിക്കണമെന്ന് കോടതി വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു. ആവശ്യമെങ്കിൽ കോടതിക്ക് സ്വമേധയാ തെളിവെടുപ്പ് പുനരാരംഭിക്കാമെന്നും സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗം അഭിഭാഷകർക്ക് അനുമതി നൽകണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ പ്രതിഭാഗം അഭിഭാഷകർ കോടതിയോട് പൂർണ്ണമായി സഹകരിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങളോ വിചാരണ നീട്ടിവെക്കലോ ഒഴിവാക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. 2018-ൽ നടന്ന സംഭവമായതിനാലും കേസിൽ ഒട്ടേറെ സാക്ഷികളുള്ളതിനാലും വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.