JNU വിൽ മോദിയ്ക്കെതിരെ മുദ്രാവാക്യം, സംഭവം ഉമറിനും ഷർജീലിനും ജാമ്യം നിഷേധിച്ചതിനു പിന്നാലെ

  1. Home
  2. Latest

JNU വിൽ മോദിയ്ക്കെതിരെ മുദ്രാവാക്യം, സംഭവം ഉമറിനും ഷർജീലിനും ജാമ്യം നിഷേധിച്ചതിനു പിന്നാലെ

jnu


ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം മുഴക്കി വിദ്യാർഥികൾ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കേസ് പ്രതികൾ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ മുദ്രാവാക്യങ്ങൾ മുഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രിയാണ് ജെഎൻയുവിന്റെ സബർമതി ഹോസ്റ്റലിൽ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാക്കളായിരുന്ന ഉമറും ഷർദീലും അഞ്ചു വർഷത്തിലേറെയായി ജയിലിലാണ്.

മുദ്രാവാക്യങ്ങൾ രാത്രി 9 നും 10 നും ഇടയിലാണ് ചിലർ മുഴക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷ പിന്തുണയുള്ള ജെഎൻയു വിദ്യാർഥി യൂണിയൻ (ജെഎൻയുഎസ്യു) ജോയിന്റ് സെക്രട്ടറി ഡാനിഷും സെക്രട്ടറി സുനിലും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. മറ്റ് ഇടതുപക്ഷ വിദ്യാർഥി ഗ്രൂപ്പുകളും പങ്കെടുത്തതായാണ് വിവരം.

മുദ്രാവാക്യങ്ങളിൽ ശവപ്പെട്ടികളെക്കുറിച്ചും പ്രധാനമന്ത്രി മോദിയുടെ പേര് പരാമർശിച്ചതായും ഇത് ഒരു മുന്നറിയിപ്പിന്റെ ‍സന്ദേശമാണെന്ന് വ്യക്തമാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് എബിവിപി അറിയിച്ചു.

സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്യാൻ തുടങ്ങിയാൽ പിന്നെ പറയാൻ എന്തുണ്ട് എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മജീന്ദർ സിങ് സിർസ സംഭവത്തോട് പ്രതികരിച്ചു. "ഈ രാജ്യവുമായി അവർക്ക് യാതൊരു ബന്ധവുമില്ല. ഇന്ത്യയെ വിഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് അവർ, പ്രധാനമന്ത്രിയെക്കുറിച്ച് മോശം സംസാരിക്കുന്നവരാണ്," സിർസ പറഞ്ഞു.

കേസിൽ ഉൾപ്പെട്ട ഗൽഫിഷ ഫാത്തിമ, മീരൻ ഹൈദർ, ഷിഫ ഊർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചുമത്തിയ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഏഴുപേരും സുപ്രീം കോടതിയെ സമീപിച്ചത്.

ഉമറിന്റെയും ഷർജീലിന്റെയും ജാമ്യാപേക്ഷകൾ നിരസിച്ചുകൊണ്ട്, ക്രിമിനൽ ഗൂഢാലോചനയിൽ രണ്ടുപേരുടെയും പങ്കാളിത്തം സൂചിപ്പിക്കുന്ന മതിയായ വസ്തുക്കൾ പ്രോസിക്യൂഷൻ നൽകിയതായി സുപ്രീം കോടതി പറഞ്ഞു. കേസിൽ ഉൾപ്പെട്ട ഓരോ വ്യക്തിക്കുമെതിരെയുള്ള കുറ്റങ്ങളുടെ വ്യത്യാസം സുപ്രീം കോടതി ചൂണ്ടിക്കാട്ടി, ജാമ്യത്തിനായി എല്ലാവരെയും ഒരുപോലെ പരിഗണിക്കാനാവില്ലെന്നും പറഞ്ഞു.