തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജു കുറ്റക്കാരൻ
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവർ കുറ്റക്കാരാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. അഭിഭാഷകനായിരിക്കെ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കണ്ടെത്തൽ.
വിശ്വാസവഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളത്തെളിവ് നിർമ്മിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. വിചാരണ വൈകിപ്പിക്കാൻ പലതവണ ശ്രമങ്ങൾ നടന്നുവെങ്കിലും സുപ്രീം കോടതി നിർദ്ദേശപ്രകാരം ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാനാണ് ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ഈ തിരിമറിയിലൂടെ പ്രതി കേസിൽ നിന്ന് മോചിതനായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ ജയിലിലായപ്പോൾ ഇയാൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് ആന്റണി രാജു കുടുങ്ങിയത്. കേസിൽ പത്തൊൻപത് സാക്ഷികളെ വിസ്തരിക്കുകയും വിപുലമായ തെളിവുകൾ പരിശോധിക്കുകയും ചെയ്തു.
