രാമക്ഷേത്ര സംഭാവന സുതാര്യത ഉറപ്പാക്കാൻ കടുത്ത നിരീക്ഷണ സംവിധാനം
രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ സമർപ്പിക്കുന്ന പണം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നത്.
പുതിയ സംവിധാനമനുസരിച്ച്, ക്ഷേത്രത്തിനുള്ളിലെ സംഭാവന പെട്ടികൾ കൈകാര്യം ചെയ്യുന്നത് മുതൽ പണം എണ്ണിത്തീരുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ക്യാമറയിൽ പകർത്തും. ഇതിനായി 360 ഡിഗ്രി ക്യാമറകളും എസ്.എൽ.ആർ. ക്യാമറകളുമാണ് ഉപയോഗിക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിന്റെ ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്താൻ രണ്ട് പ്രൊഫഷണൽ വീഡിയോഗ്രാഫർമാരെയും ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്.
മുമ്പ് ഒന്നിലധികം പെട്ടികൾ ഒരേസമയം തുറന്ന് പണം എണ്ണുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 40-ഓളം വരുന്ന ഓരോ സംഭാവന പെട്ടിയും വ്യത്യസ്ത ദിവസങ്ങളിലായാണ് തുറക്കുന്നത്. പണം എണ്ണുന്ന പ്രക്രിയ നിരീക്ഷിക്കാൻ എട്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ, രണ്ട് ട്രസ്റ്റ് പ്രതിനിധികൾ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. പണം എണ്ണിത്തീർന്നാലുടൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) ഉദ്യോഗസ്ഥർ കൗണ്ടിംഗ് റൂമിൽ വെച്ച് തന്നെ സംഭാവന പെട്ടികൾ ഔദ്യോഗികമായി സീൽ ചെയ്യും.
