ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

  1. Home
  2. Latest

ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

s


ഇടുക്കി മെഡിക്കൽ കോളജിൽ വീണ്ടും വിദ്യാർത്ഥികളുടെ സമരം. ഓപ്പറേഷൻ തിയേറ്ററുകളുടെ പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും ക്യാമ്പസിനുള്ളിലെ റോഡ് ടാറിംഗ് നടത്തണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ക്ലാസ് തുടങ്ങി മൂന്നു വർഷം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് ഓപ്പറേഷൻ തിയേറ്ററുകളിൽ മതിയായ പഠന സൗകര്യമില്ല. ജില്ല ആശുപത്രിയുടെ ഒരു ഓപ്പറേഷൻ തിയേറ്റർ മാത്രമാണ് നിലവിലുള്ളത്. ആറു മോഡുലാർ തിയേറ്ററുകളുള്ള കോംപ്ലക്സിന്‍റെ പണികൾ തുടങ്ങിയിട്ട് വർഷങ്ങളായി. കിറ്റ്കോയാണ് പണികൾ നടത്തുന്നത്. തിയേറ്ററുകളിലേക്ക് ഓക്സിജൻ അടക്കമുള്ളവയെത്തിക്കാൻ സ്ഥാപിച്ച പൈപ്പുകളുടെ സ്ഥാനം മാറിയതിനെ തുടർന്ന് ഇവ മാറ്റുന്ന പണികൾ ഇഴഞ്ഞു നീങ്ങുകയാണ്. മൂന്നരക്കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഈ പണികൾ തീരാതെ ഉപകരണങ്ങൾ എത്തിക്കാൻ കഴിയില്ല. വൈദ്യുതി എത്തിക്കാനുള്ള 11 കെവി ലൈനിന്‍റെ പണികളും തുടങ്ങിയിട്ടില്ല. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ റോഡിന്‍റെ സ്ഥിതി ഏറെ ദയനീയമാണ്.

ഒരു കിലോമീറ്റർ വരുന്ന റോഡ് പണിക്കായി പതിനാറരക്കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. രണ്ടു വർഷം മുൻപ് കരാറും നൽകി. കിറ്റ്കോയും കരാറുകാരനും തമ്മിലുള്ള തർക്കം മൂലം പണികൾ തുടങ്ങീൻ കഴിഞ്ഞിട്ടില്ല. ലക്ചർ ഹാൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമുണ്ട്. പണികൾ പൂ‍ർത്തിയാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യം, വൈദ്യുതി, പൊതുമരാമത്ത് എന്നീ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് വിദ്യാർത്ഥികൾ നിവേദനം സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഇതാണ് വീണ്ടും സമരംനടത്താൻ കാരണമായത്.