കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണാൻ സമയം തേടി സണ്ണി ജോസഫ്

  1. Home
  2. Latest

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണാൻ സമയം തേടി സണ്ണി ജോസഫ്

sunny joseph


കേരളത്തിലെ കോൺഗ്രസിൽ സംഘടനാ തലത്തിലെ അതൃപ്തിയും നേതാക്കൾ തമ്മിലുള്ള വാക്‌പോരും ശക്തമാകുന്നതിനിടെ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം സമയം തേടിയത്.

ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ സണ്ണി ജോസഫ് വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിന്റെ നിലവിലെ സാഹചര്യം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

സംഘടനാ പുനഃസംഘടന വേഗത്തിലാക്കുന്നതും ബിജെപിയിൽ നിന്ന് തിരിച്ചെത്തുന്ന നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ തിരിച്ചുവരവും പരിഗണനയിലുണ്ടെന്നാണ് വിവരം.

ബോർഡുകളിലും കോർപറേഷനുകളിലും നിയമനങ്ങൾ വൈകുന്നതിനെച്ചൊല്ലിയുള്ള അതൃപ്തിയും കോൺഗ്രസിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടെ, ഷാഫി പറമ്പിൽ എംപിയെ അനുകൂലിച്ച് വിവിധ ജില്ലകളിൽ ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതും പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.