ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

  1. Home
  2. Latest

ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

   supreme court


 

ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അവസാന അവസരം. സെപ്റ്റംബർ രണ്ടിനകം ഒഡീഷ സെന്റൻസ് റിവ്യൂ ബോർഡ് തീരുമാനമെടുത്തില്ലെങ്കിൽ കോടതി നേരിട്ട് തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 19-നകം ധാരാ സിംഗിന്റെ അകാല മോചനത്തിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിക്കുകയും ജയിൽ ഡയറക്ടറേറ്റ് ജനറലിന്റെ ഒരു കത്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിൽ നിന്നും ജയിൽ അധികൃതരിൽ നിന്നും ലഭിക്കാൻ ബാക്കിയുണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം.

തീരുമാനമെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയും ഒഴിഞ്ഞുമാറലും കോടതിക്ക് സഹിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മനോജ് മിശ്ര വാക്കാൽ വ്യക്തമാക്കി. നിങ്ങൾക്ക് എന്താണോ തീരുമാനിക്കേണ്ടത് അത് അടിയന്തരമായി തീരുമാനിക്കുക, അല്ലാത്തപക്ഷം കോടതി തന്നെ തീരുമാനമെടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 26 വർഷത്തിലേറെയായി തടവിൽ കഴിയുന്ന വ്യക്തിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് പലതവണ കേസ് മാറ്റിവെച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു.