തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ വിവാദമായതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1958 ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 10 വയസ്സിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. നിയമത്തിന് അതീതമായ ഒരു സമ്പൂര്‍ണ്ണ നിരോധനമാണ് ഹൈക്കോടതി ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബക്രീദിന് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തമിഴ്നാട്ടിലുടനീളം ഗോവധം പൂര്‍ണ്ണമായും നിരോധിക്കുന്ന ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവ് പ്രകാരം, മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഇപ്പോള്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ ഒരു ബലിയര്‍പ്പണവും നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു.
