തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകി മുഖ്യമന്ത്രി വിജയ്
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും കോൺഗ്രസും തമ്മിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട ഐക്യം കൂടുതൽ ശക്തമാക്കിക്കൊണ്ട്, സംസ്ഥാനത്തുനിന്നും ഒഴിഞ്ഞുകിടക്കുന്ന ഏക രാജ്യസഭാ സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തീരുമാനിച്ചു. തമിഴ്‌നാട്ടിലെ ന്യൂനപക്ഷ ടി.വി.കെ സർക്കാരിന്റെ സുരക്ഷിതത്വത്തിനും നിലനിൽപ്പിനും കോൺഗ്രസിന്റെ പിന്തുണ അതീവ നിർണ്ണായകമായി തുടരുന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച മുഖ്യമന്ത്രി വിജയ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.എഐസിസി ഭാരവാഹിയും പ്രമുഖ കോൺഗ്രസ് തന്ത്രജ്ഞനുമായ പ്രവീൺ ചക്രവർത്തിയാകും സ്ഥാനാർത്ഥിയെന്നാണ് സൂചന. കോൺഗ്രസ്-ടിവികെ സഖ്യം രൂപീകരിക്കുന്നതിൽനിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് പ്രവീൺ ചക്രവർത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ഏറെ അടുപ്പം പുലർത്തുന്ന ചക്രവർത്തിക്ക് മുഖ്യമന്ത്രി വിജയ്‌യുമായും മികച്ച വ്യക്തിബന്ധമാണുള്ളത്. എഐസിസിയുടെ തമിഴ്‌നാട് ചുമതലയുള്ള മുതിർന്ന നേതാവ് ഗിരീഷ് ചോദങ്കർ മുഖ്യമന്ത്രി വിജയ്‌യുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സീറ്റ് സംബന്ധിച്ച പ്രഖ്യാപനം വന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ ഈ തീരുമാനം സഖ്യധർമ്മത്തിന്റെ മികച്ച മാതൃകയാണെന്നും, അദ്ദേഹം വാക്കുപാലിക്കുന്ന വ്യക്തിത്വമാണെന്ന് തെളിയിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചോദങ്കർ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രി വിജയ്‌യെ കണ്ടിരുന്നു.
