മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി
വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. അവസാന മുന്നറിയിപ്പ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ സ്റ്റാലിൻ വെല്ലുവിളിച്ചത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1950 കളിലെയും 60 കളിലെയും ഡി എം കെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
