കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

  1. Home
  2. Latest

കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

   supreme court


 

കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമാണ് തമിഴ്നാടിൻ്റെ ആവശ്യം. മുഖ്യമന്ത്രി വിജയ്‍യുടെ നിർദേശപ്രകാരമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽനിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന് നിർദേശം നൽകിയിരുന്നത്. ജൂലൈ 29ന് രാവിലെ എട്ടുമണിമുതൽ, അടുത്ത 15 ദിവസം, ഓഗസ്റ്റ് 15 വരെ തമിഴ്നാട്ടിലെ ബിലിഗുണ്ട്ലുവിലേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു കമ്മിറ്റിയുടെ നിർദേശം. ജൂലൈ 30ന് ചേർന്ന കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റി യോഗം, റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കാനും തീരുമാനിച്ചു.

എന്നാൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ടുവരെ ബിലിഗുണ്ട്ലുവിലേക്ക് ലഭിച്ച വെള്ളത്തിൻ്റെ ഒഴുക്ക് 158 മുതൽ 550 ഘനയടി വരെയായിരുന്നു. ഇത് റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശത്തേക്കാൾ വളരെ കുറവായിരുന്നു. ആവശ്യത്തിന് അളവിൽ വെള്ളം വിട്ടുനൽകുന്നതിൽ കർണാടകം പരാജയപ്പെട്ടതോടെ ആണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.