തൈപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച പ്രാദേശിക അവധി

  1. Home
  2. Latest

തൈപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച പ്രാദേശിക അവധി

thai ponkal


തമിഴ്‌നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് അതിർത്തി ജില്ലകൾക്ക് ഈ മാസം 15-ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. തമിഴ് ജനതയുമായി അടുത്ത ബന്ധം പുലർത്തുന്ന അതിർത്തി ജില്ലകളാണിവ.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തമിഴ്‌നാട്ടിൽ ജനുവരി 15 മുതൽ 18 വരെ നാല് ദിവസത്തെ തുടർച്ചയായ അവധിയാണ് ആഘോഷങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്നത്. വിളവെടുപ്പിന്റെ സമൃദ്ധിയിൽ സൂര്യദേവന് നന്ദി അർപ്പിക്കുന്ന ഉത്സവമാണ് തൈപ്പൊങ്കൽ. ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിങ്ങനെ നാല് ദിവസങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുന്നത്.

പഴയ വസ്തുക്കൾ കത്തിച്ചുകളഞ്ഞ് പുതുമയെ വരവേൽക്കുന്ന ബോഗി പൊങ്കൽ 14-ന് ആഘോഷിക്കും. 15-നാണ് പ്രധാന ആഘോഷമായ തൈപ്പൊങ്കൽ. തമിഴ് പുതുവർഷത്തിന്റെ തുടക്കമായും ഈ ദിനത്തെ കണക്കാക്കുന്നു.