സിയ ഫാത്തിമയെ കലോത്സവത്തിൽ പങ്കെടുപ്പിച്ചതിന് സഹപാഠികളുടെ നന്ദി

  1. Home
  2. Latest

സിയ ഫാത്തിമയെ കലോത്സവത്തിൽ പങ്കെടുപ്പിച്ചതിന് സഹപാഠികളുടെ നന്ദി

s


കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് സഹപാഠികൾ. പടന്ന എം.ആർ.വി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ചാണ് സ്നേഹപ്രകടനം നടത്തിയത്. കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ വീ‍ഡിയോയും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…

പടന്ന എം.ആർ.വി.എച്ച്.എസ്സിലെ പ്രിയ വിദ്യാർത്ഥികൾ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തിൽ തൊട്ടു. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷം.

പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകൾക്കിടയിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്.

സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ. സിയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി…