തരുൺമൂർത്തി- മോഹൻലാൽ ചിത്രത്തിന് ശബരിമലയിൽ ഷൂട്ടിങ് അനുമതി
തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അതിമനോഹരം' ചിത്രത്തിന് ശബരിമലയിൽ ഷൂട്ടിങ് അനുമതി. പമ്പ മുതൽ സന്നിധാനം വരെ ചിത്രീകരിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ശബരിമലയിൽ ചിത്രീകരിക്കുക. ഉപാധികളോടെയാണ് അനുമതി. ശബരിമലയേയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങൾ ഉണ്ടാവരുത് എന്നത് ഉൾപ്പെടെയുള്ള ഉപാധികളാണ് വെച്ചത്.
അതേസമയം അതിമനോഹരത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഡിസംബർ 24നാണ് ചിത്രത്തിന്റെ ആഗോളറിലീസ്. സിനിമയുടെ 80 ശതമാനം ഷൂട്ടിങും പൂർത്തിയായതായി കഴിഞ്ഞ ദിവസം സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണം നടന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം.'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
മീര ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് ചിത്രം നിർമിക്കുന്നത്. തുടക്കം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ കോംബോ ആവർത്തിക്കുമ്പോൾ വൻ പ്രതീക്ഷയിലാണ് പ്രേഷകർ.
