ആധാർ കാർഡിലെ പേരു മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡ‍ങ്ങൾ പുതുക്കി ആധാർ അതോറിറ്റി

  1. Home
  2. Latest

ആധാർ കാർഡിലെ പേരു മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡ‍ങ്ങൾ പുതുക്കി ആധാർ അതോറിറ്റി

aadhar


 

ആധാർ കാർഡിലെ പേരു മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡ‍ങ്ങൾ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) പുതുക്കി. പേരിനോടൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ കർശനമായി വിലക്കി. സ്ത്രീകൾക്ക് വിവാഹശേഷമോ വിവാഹമോചന ശേഷമോ പേരുതിരുത്താൻ തിരിച്ചറിയൽരേഖയ്ക്കു പുറമേ സത്യവാങ്മൂലവും നൽകണം.

തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും ക്രമവും അനുസരിച്ചായിരിക്കും ആധാറിൽ പേര് പുതുക്കാനാകുക. മിസ്റ്റർ, ഡോക്ടർ, കേണൽ തുടങ്ങിയ സ്ഥാനപ്പേരുകൾ ഒഴിവാക്കാൻ തിരിച്ചറിയൽ രേഖ വേണം. ഡോട്ട്, അനാവശ്യ വലിയ അക്ഷരങ്ങൾ എന്നിവ നീക്കാൻ രേഖ ആവശ്യമില്ല.

ഇനിഷ്യലുകളുടെ വികസിപ്പിക്കലും ചുരുക്കലും, മിഡിൽ നെയിം ചേർക്കലും ഒഴിവാക്കലും, ക്രമം മാറ്റൽ, അക്ഷരങ്ങളിലെ ചെറിയ വ്യത്യാസങ്ങൾ എന്നിവ തിരുത്തുന്നതിന് തിരിച്ചറിയൽ രേഖ നിർബന്ധം.

മുൻപു നൽകിയ രേഖയിലെ പേര് ശരിയായിരുന്നിട്ടും ആധാറിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്താൻ രേഖയ്ക്കൊപ്പം സത്യവാങ്മൂലവും നൽകണം. മുതിർന്നവർക്കും കുട്ടികൾക്കും ഇതു ബാധകമാണ്.

പേര് പൂർണമായി മാറ്റുന്നതിന് ഗസറ്റ് വിജ്ഞാപനം നിർബന്ധം. സത്യവാങ്മൂലം ജുഡീഷ്യൽ, എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അല്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തണം. ആധാറിലെ പേര് ഇനി വലിയ അക്ഷരത്തിൽ രേഖപ്പെടുത്തണമെന്നും സേവനകേന്ദ്രങ്ങൾക്കു നിർദേശം നൽകി. നിലവിൽ ആദ്യത്തെ അക്ഷരം മാത്രമാണ് വലുത് നൽകുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നു