ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ കെ.ബി. ഗണേഷ് കുമാർ

  1. Home
  2. Latest

ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ കെ.ബി. ഗണേഷ് കുമാർ

kb


ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും ഗണേഷ് പറഞ്ഞു.

'ഞാൻ സൈറ്റിൽ അതുകണ്ടു ഇത് കണ്ടു എന്ന് പറയില്ല. പല കാര്യങ്ങളും വാഹന സൈറ്റിൽ തെറ്റായിട്ടാണ് കിടക്കുന്നത്. അത് ശരിയാകണമെന്നില്ല. വിവരാവകാശം പ്രകാരം ലഭിച്ച കെഎസ്ആർടിസിയുടെ രേഖയുണ്ടോ? പരിവാഹൻ സൈറ്റിൽ എല്ലാ വിവരങ്ങളും ശരിയല്ല.'- ഗണേഷ് കുമാർ പറഞ്ഞു.

‘വ്യാജവാർത്തകൾ നിർമ്മിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമധാർമ്മികതയ്ക്ക് ചേർന്നതല്ല ഇത്. തെറ്റായ രേഖകളാണ് പ്രചരിപ്പിച്ചത്. ഞാൻ മന്ത്രിയായിരുന്ന കാലത്ത് കെഎസ്ആർടിസിയിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. എയർ സസ്പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസാണ് 21 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. സ്പ്രിങ് സസ്പെൻഷൻ ഉള്ള ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്കാണ്. വാർത്തയിൽ ഒരു ബസിന് ഏഴ് ലക്ഷം രൂപയൊക്കെ അധികമായി നൽകിയെന്നാണ്. ഇത് തികച്ചും വാസ്തവവിരുദ്ധമായ കാര്യമാണ്.

30 ലക്ഷം മുടക്കി കെഎസ്ആർടിസി ബസുകൾ വാങ്ങിയിട്ടില്ല. രണ്ട് ഘട്ടമായി ബസുകൾ വാങ്ങിയത് കെഎസ്ആർടിസിക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജരേഖ എവിടെനിന്ന് വന്നുവെന്ന് സർക്കാർ അന്വേഷിക്കണം. ഏത് ഉദ്യോഗസ്ഥനാണ് രേഖകൾ നൽകിയതെന്ന് വാർത്ത നൽകിയ ലേഖകനും അന്വേഷിക്കണം. ആരാണ് കബളിപ്പിച്ചത് എന്ന് അറിയാല്ലോ.

ഇടതുമുന്നണിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. അതുകൊണ്ടാണ് വാർത്താ സമ്മേളനം വിളിച്ചത്. കെഎസ്ആർടിസിയിൽ മന്ത്രിക്ക് മാത്രമായി ബസ് വാങ്ങാനാകില്ല. ഉദ്യോഗസ്ഥരടക്കം തീരുമാനമെടുത്താണ് ബസ് വാങ്ങിയത്.- അദ്ദേഹം പറഞ്ഞു.