മൗനം വെടിഞ്ഞ് മുഖ്യമന്ത്രി;എല്ലാ കാര്യങ്ങളും പാർട്ടി നേതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നുണ്ട്- വി.ഡി. സതീശൻ
ഭരണമുന്നണിയിലെയും സർക്കാരിലെയും തീരുമാനങ്ങൾ കൺവീനറെ അറിയിക്കാതെയാണ് എടുക്കുന്നതെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. സർക്കാരിന്റെ എല്ലാ നിർണ്ണായക നയപരമായ തീരുമാനങ്ങളും കോൺഗ്രസിന്റെയും മുന്നണിയുടെയും ഉന്നത നേതാക്കളുടെ അറിവോടെയും കൂടിയാലോചനയോടെയുമാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താൻ ആരുമായും ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും, അതേസമയം താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"ആരുമായും ചർച്ച ചെയ്യുന്നില്ലെന്നാണ് ചിലരുടെ ആരോപണം. എന്നാൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രണ്ട് മുൻ കെപിസിസി പ്രസിഡന്റുമാർ, ഒരു പ്രവർത്തക സമിതി അംഗം, രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, രണ്ട് വനിതാ നേതാക്കൾ എന്നിവരുൾപ്പെടെ പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയിലുണ്ട്. ഇതിനർത്ഥം എല്ലാ കാര്യങ്ങളും പാർട്ടി നേതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നുണ്ട് എന്നുതന്നെയാണ്. നയപരമായ കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും ആലോചിക്കും. പാർട്ടി നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ദൈനംദിന ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച നടത്തേണ്ട യാതൊരു ആവശ്യവുമില്ലല്ലോ?"- സതീശൻ ചോദിച്ചു.
