കസ്റ്റഡിയിലെടുത്ത പിണറായി വിജയനടക്കം നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ദില്ലി പൊലീസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറിലേക്ക് നടത്തുന്ന മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചതെത്തിയ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍. പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍, കൈ ശൈലജ, ജോണ്‍ ബ്രിട്ടാസ്, കെഎന്‍ ബാലഗോപാല്‍, ശിവദാസന്‍ എംപി, പി രാജീവ്, പി കെ ശ്രീമതി ഉള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്ത് ജനാധിപത്യം പുലരുന്നതിനുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ജനാധിപത്യമാണ് രാജ്യത്ത് പുലരേണ്ടത്. പൂര്‍ണമായ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പൂര്‍ണമായും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ആ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. 13 കോടിയില്‍പ്പരം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. എല്ലാം ബിജെപി സര്‍ക്കാരിന് വേണ്ടി ഗ്യാനേഷ് കുമാര്‍ ചെയ്തതാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വഴിവിട്ട നീക്കത്തിലൂടെ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത്'- പിണറായി വിജയന്‍ പറഞ്ഞു.
