സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടൻ അപ്പീൽ നൽകും

  1. Home
  2. Latest

സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടൻ അപ്പീൽ നൽകും

cm pinarayi vijayan


നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. ഈ വിഷയത്തിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേസിൽ വിചാരണക്കോടതി വിധിക്ക് എതിരെ സർക്കാർ ഉടൻ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി അതിജീവിതയെ അറിയിച്ചതായാണ് റിപ്പോർട്ട്. കേസിൻ്റെ തുടക്കം മുതൽ അതിജീവിതയ്‌ക്കൊപ്പമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. തുടർന്നും കേരള ജനതയും സർക്കാരും ഒപ്പമുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി വിവരം ലഭിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ ഏഴ് മുതൽ പത്ത് വരെ പ്രതികളെയാണ് ജഡ്ജി ഹണി എം. വർഗീസ് കുറ്റവിമുക്തരാക്കിയത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.