സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് നയം-വി ഡി സതീശന്‍

  1. Home
  2. Latest

സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് നയം-വി ഡി സതീശന്‍

vd satheeshan


 

സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് ഈ ബജറ്റ് എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആക്ഷേപം ശരിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്വകാര്യ നിക്ഷേപം ഇവിടെ ഉണ്ടാവണം. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് നയം. സ്വകാര്യനിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണം ഉണ്ടാക്കി ആ പണം ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നിലവില്‍ അഞ്ചു പൈസ കൈയിലില്ല. എന്നിട്ട് പഴയതുപോലെയാകണമെന്നാണ് പറയുന്നത്. അതിനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഞങ്ങള്‍ ഇക്കാര്യം ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ വന്നിരിക്കുന്നത് കേരളത്തെ 25 കൊല്ലം പിന്നിലേക്ക് കൊണ്ടുപോകാനല്ല. 25 കൊല്ലം മുന്നിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ്. 87,000 കോടി രൂപയുടെ കടവും ഇപ്പോള്‍ കൊടുക്കേണ്ട ബാധ്യതയും അഞ്ചു ലക്ഷം കോടി രൂപയുടെ കടവുമുള്ള ഒരു സംസ്ഥാനത്തിന് ഏത് കാര്യമാണ് പബ്ലിക് സെക്ടറില്‍ തുടങ്ങാന്‍ സാധിക്കുക. ഇവിടെ നിക്ഷേപം വേണ്ടേ. നിക്ഷേപകരെ കൊണ്ടുവരുന്നതിന് ഓരോ സംസ്ഥാനവും മത്സരിക്കുകയാണ്. തമിഴ്‌നാടും കര്‍ണാടകയും മഹാരാഷ്ട്രയും. എന്നാല്‍ ഇവിടെ വരാന്‍ പാടില്ല. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. അതുവഴിയെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂ.'- വി ഡി സതീശന്‍ പറഞ്ഞു.

'ഏത് മേഖലയെയാണ് സ്വകാര്യവത്കരിച്ചത്? കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിച്ചോ? വാട്ടര്‍ അതോറിറ്റിയെ സ്വകാര്യവത്കരിച്ചോ?ഒരു മേഖലയെയും സ്വകാര്യവത്കരിച്ചിട്ടില്ല. അദാനി ഇവിടെ പോര്‍ട്ട് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ്് മുഴുവന്‍ എടുത്ത പിണറായി വിജയന്‍ ആണ് സ്വകാര്യ നിക്ഷേപത്തെ എതിര്‍ക്കുന്നത്. പോര്‍ട്ടില്‍ നിക്ഷേപിക്കാനുള്ള പണം സംസ്ഥാനത്തിന് ഉണ്ടോ? വിഴിഞ്ഞത്ത്് നിന്ന് കാസര്‍കോട് വരെ ഒരു ഷിപ്പില്‍ ലോജിസ്റ്റിക്‌സ് കൊണ്ടുപോകാനുള്ള കപാസിറ്റി കേരളത്തിനുണ്ടോ? അപ്പോള്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവന്നു മത്സരം ഉണ്ടാക്കി ആ നിക്ഷേപത്തിലൂടെ ബാര്‍ജ് ലോജിസ്റ്റിക്‌സും വെസല്‍ ലോജിസ്റ്റിക്‌സും തുടങ്ങണം. ഒരു സംശയവും വേണ്ട. അത് തന്നെയാണ് പോളിസി. പോര്‍ട്ടിന് പുറത്തും വികസിപ്പിക്കും. ഫിഷറീസ് കയറ്റുമതി ഉണ്ടാവും. തൊഴിലവസരങ്ങള്‍ കിട്ടുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ഉണ്ടാവും. സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാം ചെയ്ത് കൊടുക്കും. ഇത് ചെയ്തില്ലായെങ്കില്‍ കേരളം പിന്നിലേക്ക് പോകും. അതുകൊണ്ട് സ്വകാര്യ നിക്ഷേപത്തെ പൂര്‍ണമായി പ്രോത്സാഹിപ്പിക്കും. ബജറ്റില്‍ ഒരു സ്ഥലത്ത് സ്വകാര്യവ്തകരണം പ്രഖ്യാപിക്കുന്ന ഒരു വാക്ക് കാണിച്ചു തരാന്‍ പറ്റുമോ? പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമനം നടത്തിയിട്ട് എത്രനാളായി. പെന്‍ഷന്‍ പറ്റുമ്പോള്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്ക് എടുക്കുന്നത്. ഒരു എന്‍ജിനീയറിങ് ഗ്രാജ്യുവേറ്റിന് ജോലി കൊടുക്കാന്‍ കഴിയുന്ന എത്ര പൊതുമേഖല സ്ഥാപനങ്ങള്‍ ഉണ്ട് ഇവിടെ? അതുകൊണ്ടാണ് ഇവിടെ ആരും നില്‍ക്കാത്തത്. എന്‍ജിനീയറിങ് പഠിച്ച് വരുന്ന കുട്ടിക്ക് ജോലി കൊടുക്കാന്‍ ഏത് സ്ഥാപനം ഉണ്ട് ഇവിടെ? കുട്ടികള്‍ക്ക് ജോലിയൊന്നും വേണ്ടേ?'- വി ഡി സതീശന്‍ ചോദിച്ചു.