കയർ പൊട്ടി കോൺക്രീറ്റ് പാളി തകർന്നു വീണു; കോഴിക്കോട് ദേശീയപാത നിർമ്മാണത്തിനിടെ വൻ അപകടം ഒഴിവായി
കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതാ നിർമ്മാണത്തിനിടെ കോൺക്രീറ്റ് പാളി തകർന്നു വീണു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെ കയർ പൊട്ടിവീഴുകയായിരുന്നു. ആളുകൾ സഞ്ചരിക്കുന്ന സർവീസ് റോഡിലേക്കാണ് സ്ലാബ് പതിച്ചതെങ്കിലും അപകടസമയത്ത് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
ഒന്നരമീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിവെച്ചാണ് ഇവിടെ മതിൽ നിർമ്മിക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ മുകളിലേക്ക് കയറ്റുമ്പോൾ ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും സുരക്ഷാ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
നേരത്തെ ഇവിടെ മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് നിർമ്മാണം നിർത്തിവെച്ച് പൊളിച്ചു പണിതിരുന്നു. നിർമ്മാണ പ്രവൃത്തികൾക്കെതിരെ മുൻപും വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ട് നിർമ്മാണ ജോലികൾ തടഞ്ഞു. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിർമ്മാണം തുടരാൻ അനുവദിക്കൂ എന്നാണ് പ്രദേശവാസികളുടെ നിലപാട്.
