നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും; കേരളത്തെ രക്ഷിക്കാൻ കർമ്മപദ്ധതിയുമായി വി.ഡി. സതീശൻ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബത്തേരിയിൽ നടന്ന കോൺഗ്രസ് നേതൃക്യാമ്പിൽ തിരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയെ വെറുതെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവർ പരാജയപ്പെട്ട മേഖലകളിൽ യുഡിഎഫ് എങ്ങനെ വിജയിക്കും എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ തകർന്ന സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റ് (Financial Management) നടത്തുമെന്ന് സതീശൻ ഉറപ്പുനൽകി. "സമ്പദ്ഘടനയെ രക്ഷിക്കാൻ നമ്മുടെ കയ്യിൽ അത്ഭുതവിളക്കൊന്നുമില്ല, പക്ഷെ നികുതി വെട്ടിപ്പ് തടഞ്ഞ് ഖജനാവ് നിറയ്ക്കാൻ നമുക്ക് സാധിക്കും. സിപിഎം നേതാക്കൾ വ്യാഖ്യാനിക്കുന്നത് പോലെ ജനങ്ങളെ നികുതി കൊള്ള നടത്തുകയല്ല, മറിച്ച് ഖജനാവിൽ നിന്ന് കൊള്ളയടിക്കപ്പെട്ട പണം തിരികെ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു. ഈ തുക ഉപയോഗിച്ച് ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഇതുവരെ കാണാത്ത സ്വപ്നപദ്ധതികളാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നതെന്നും അത് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്നവയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും ഇടതുപക്ഷ സഹയാത്രികർ പോലും ഇത്തവണ തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കമുണ്ടെന്ന സി.പി.എം പ്രചാരണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിലുണ്ടെന്നതിൽ അഭിമാനമുണ്ടെന്നും ആ പദവിക്കായി ആരും പിണങ്ങില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
