ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ശുപാർശ

  1. Home
  2. Latest

ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ശുപാർശ

tourist


സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ നിറം മാറ്റം പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം കർശനമാക്കിയത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

മുൻപ് ടൂറിസ്റ്റ് ബസുകളിൽ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, ബഹുവർണ ചിത്രങ്ങളും, ഗ്രാഫിക്‌സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.

രാത്രിയും പകലും മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള നിറം നൽകിയ മാതൃകയും ഈ മാറ്റത്തിന് വലിയൊരു പ്രേരണയായി.