ലോക വിസ്മയം; ലോകത്തിലെ ആദ്യത്തെ ഡ്രൈവ്-ത്രൂ മാൾ ദുബായിൽ ആരംഭിക്കുന്നു; 1.8 ലക്ഷം കോടിയുടെ നിക്ഷേപം
ദുബായ് ക്രീക്ക് ഹാർബറിൻ്റെ മധ്യഭാഗത്തായി, ലോകത്തിലെ ആദ്യത്തെ ഡ്രൈവ്-ത്രൂ മാളായ ദുബായ് സ്ക്വയർ മൂന്ന് വർഷത്തിനുള്ളിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചു. ഷോപ്പിംഗിനായി കാർ നിർത്തി നേരെ ഷോപ്പിലേക്ക് കയറുന്ന രീതിയിൽ നിന്നും മാറി, സ്വന്തം വാഹനങ്ങളിൽ മാളിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയുന്ന തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഇവിടെ ഒരുക്കുക.
2.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പദ്ധതി, ഡൗൺടൗൺ ദുബായിയുടെ മൂന്നിരട്ടി വലുപ്പമുണ്ടാകുമെന്ന് എമാർ പ്രോപ്പർട്ടീസിന്റെ സ്ഥാപകൻ മുഹമ്മദ് അലി അലബ്ബാർ എക്സിലൂടെ വെളിപ്പെടുത്തി. റീട്ടെയിൽ, ഡൈനിങ്, വിനോദം, താമസസ്ഥലങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഈ മെഗാ പ്രോജക്റ്റിനായി ആകെ 180 ബില്യൺ ദിർഹമാണ് (ഏകദേശം 1.8 ലക്ഷം കോടി രൂപ) നിക്ഷേപിച്ചിരിക്കുന്നത്.
റീട്ടെയിൽ, ഡൈനിംഗ്, ഹോസ്പിറ്റാലിറ്റി, റെസിഡൻഷ്യൽ ഘടകങ്ങൾ എന്നിവ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്ന ഒരു സ്വയംപര്യാപ്ത സമൂഹമായിട്ടാണ് ദുബായ് സ്ക്വയർ വിഭാവനം ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും മാളിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, റെസിഡൻഷ്യൽ യൂണിറ്റുകൾ, 7.4 ദശലക്ഷം ചതുരശ്ര മീറ്റർ റെസിഡൻഷ്യൽ സ്ഥലം, മനോഹരമായ കടൽത്തീര വികസനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു വലിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണിത്. പ്രാദേശിക ഷോപ്പർമാർ, വിനോദസഞ്ചാരികൾ, അന്താരാഷ്ട്ര നിക്ഷേപകർ എന്നിവരെയെല്ലാം ആകർഷിക്കാൻ ഈ ആഡംബര മാളിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
