സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് മന്ത്രി കെ മുരളീധരൻ
ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിലെ ആവശ്യം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ഉത്തരവുകൾ തിരുത്തിയില്ലെങ്കിൽ ഈ ദേവസ്വം ബോർഡിനും കൊള്ളയിൽ പങ്കുണ്ടെന്ന ധാരണയിൽ സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കുറ്റപത്രത്തിനുശേഷം മാത്രമേ ഇടപെടാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രത്തിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
