സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി മൂന്നു സുപ്രധാന തിരുത്തലുകള്‍ വരുത്തി. തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, എ പത്മകുമാറിനെതിരായ നടപടി എന്നിവയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് തിരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി.തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പ്രാദേശിക വിഭാഗീയതയും എസ്‌ഐആര്‍ അടക്കമുള്ള നടപടികളുമാണ് തളിപ്പറമ്പിലെ തോല്‍വിക്ക് കാരണമെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നത്.
തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ 73 പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ 70 പേരും പി കെ ശ്യാമളുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും താല്‍പ്പര്യപ്രകാരമായിരുന്നു. ആ തീരുമാനത്തില്‍ വീഴ്ചയുണ്ടെന്നും നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം ഞെട്ടിച്ചെന്ന് കാസര്‍കോടു നിന്നുള്ള അംഗം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയെ എതിര്‍ക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് വീഴ്ച പറ്റിയെന്നതാണ് മറ്റൊരു തിരുത്ത്.
നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരെ നിലപാട് മയപ്പെടുത്തിയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെയല്ല, മുസ്ലിം ലീഗിനെതിരെയാണ് പ്രസ്താവനയെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യ നിലപാട്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതിനെയും സിപിഎം നേതൃത്വം ന്യായികരിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെ പാര്‍ട്ടി നേതൃത്വം അപ്പോള്‍ തന്നെ എതിര്‍ക്കേണ്ടതായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.
