പ്രിയ വർഗീസ് കേസിൽ സർവകലാശാലയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് രണ്ട് അഭിഭാഷകർ
അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഇന്ന് സുപ്രീംകോടതിയിൽ ഹാജരായത് രണ്ട് അഭിഭാഷകർ. സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിയും, മുൻ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ. ആറുമാണ് കോടതിയിൽ ഹാജരായത്. സുൽഫിക്കർ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടപ്പോൾ, കേസിൽ വാദത്തിന് തയ്യാറാണെന്ന് സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. എന്നാൽ പ്രിയ വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ 23-ലേക്ക് മാറ്റി.
ജസ്റ്റിസ്മാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഇന്ന് പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. ബെഞ്ച് കേസെടുത്തപ്പോൾതന്നെ സർവകലാശാല അഭിഭാഷകൻ താനാണെന്നും, വക്കാലത്തിടാൻ സമയമനുവദിക്കണമെന്നും സുൽഫിക്കർ അലി കോടതിയെ അറിയിച്ചു. ഇതിന് സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പൂർത്തിയായെന്നും, അതിനാൽ വാദം ആരംഭിക്കാൻ തയ്യാറാണെന്നും സുഭാഷ്ചന്ദ്രൻ കോടതിയെ അറിയിച്ചു.
ഇതിനിടെ പ്രിയ വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. പരമേശ്വരൻ മറ്റൊരു കോടതിയിൽ താനൊരു കേസ് വാദം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഈ ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റണമെന്നും കോടതിയോട് അഭ്യർഥിച്ചു. ഈ ആവശ്യത്തെ യു.ജി.സി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഉൾപ്പെടെ ആരും എതിർത്തില്ല. തുടർന്നാണ് കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 23-ലേക്ക് മാറ്റിയത്.
