ചൈനയിൽ ആഞ്ഞടിച്ച് മെയ്സാക് ചുഴലിക്കാറ്റ്; അണക്കെട്ട് തകർന്നു, 48,000 പേരെ ഒഴിപ്പിച്ചു

  1. Home
  2. Latest

ചൈനയിൽ ആഞ്ഞടിച്ച് മെയ്സാക് ചുഴലിക്കാറ്റ്; അണക്കെട്ട് തകർന്നു, 48,000 പേരെ ഒഴിപ്പിച്ചു

typhoon china


ചൈനയുടെ തെക്കൻ മേഖലയിൽ കനത്ത നാശനഷ്ടം വിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. അതിശക്തമായ മഴയെത്തുടർന്ന് ഹെങ്‌ഷൗവിലെ ലിയുലാൻ അണക്കെട്ടിന്റെ ഭിത്തി തകർന്നു. തിങ്കളാഴ്ച രാവിലെ അണക്കെട്ടിൽ 50 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെടുകയും വെള്ളം ശക്തമായി താഴേക്ക് കുതിച്ചൊഴുകുകയുമായിരുന്നു. ലിയുലാൻ അണക്കെട്ടിലെ ജലനിരപ്പ് പരിധിയേക്കാൾ ഉയരുകയും യുൻബിയാവോ റിസർവോയർ കവിഞ്ഞൊഴുകുകയും ചെയ്തതോടെ സമീപത്തെ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടുപേർ മരിച്ചതായാണ് ഔദ്യോഗിക വിവരം.

ചുഴലിക്കാറ്റും പ്രളയവും നാനിങ് നഗരത്തിലെ 55,000-ലധികം ആളുകളെയാണ് നേരിട്ട് ബാധിച്ചത്. സുരക്ഷ മുൻനിർത്തി നഗരത്തിൽ നിന്ന് 48,000-ഓളം താമസക്കാരെ അധികൃതർ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചൈനയുടെ അയൽരാജ്യമായ വിയറ്റ്‌നാമിലും ചുഴലിക്കാറ്റ് കരതൊട്ടതോടെ ഗ്വാങ്‌സി ഹൈഡ്രോളജിക്കൽ സെന്റർ മേഖലയിൽ 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കാൻ പത്തിലധികം ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളാണ് ദുരന്തനിവാരണ സേന ഒരുക്കിയിരിക്കുന്നത്. ഫുലോങ് ഗ്രാമത്തിൽ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പ്രളയക്കെടുതി രൂക്ഷമായതോടെ ഗ്വാങ്‌സി മേഖലയിൽ റെയിൽ, ജലഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടു. നാനിങ്ങിൽനിന്ന് വിയറ്റ്‌നാമിലെ ഗിയ ലാമിലേക്കുള്ള അന്താരാഷ്ട്ര ട്രെയിൻ സർവീസുകളും മുന്നൂറിലധികം പാസഞ്ചർ ഫെറികളും റദ്ദാക്കിയിട്ടുണ്ട്. ഗ്വാങ്‌സിയിൽ നിലവിൽ ഏറ്റവും ഉയർന്ന 'ലെവൽ 1' പ്രളയ പ്രതിരോധ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം ഒന്നരലക്ഷത്തോളം ദുരിതാശ്വാസ സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. മേഖലയിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ സ്ഥിതിഗതികൾ ഇനിയും വഷളായേക്കാമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.