ആർഎസ്എസ് അജണ്ട നടപ്പാക്കുന്നവരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറിയെന്ന് പിണറായി വിജയൻ
ആർഎസ്എസ് അജണ്ട നടപ്പാക്കുന്നവരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിൻ്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്രക്കൊള്ളയ്ക്കുമെതിരെ സിപിഐ എം കാസർകോട് ജില്ലാ കമ്മ്റ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതു മുതൽ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നത് യുഡിഎഫ് സർക്കാർ തുടങ്ങിയതാണ്. പിന്നീട് കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം പറയാത്ത ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും അത് ദൃശ്യമായി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്ന് കേന്ദ്രത്തോട് യുഡിഎഫ് സർക്കാർ അങ്ങോട്ട് ആവശ്യപ്പെട്ടു. പി എം ശ്രീയിൽ നിന്ന് പിൻവാങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടും അത് തുടരുന്ന നിലപാടാണന്ന് യുഡിഎഫ് സർക്കാരിന്.
ആർഎസ്എസ്സുമായുള്ള യുഡിഎഫിൻ്റെ ബാന്ധവം ഒരു മറയുമില്ലാതെ ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരികയാണ്. ഇതിനെതിരെ മതനിരപേക്ഷ മനസ്സുള്ള മുഴുവൻപേരും മുന്നോട്ടുവരണമെന്നും പിണറായി പറഞ്ഞു.
