യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം

  1. Home
  2. Latest

യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം

Cpim


 

മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്‌ അവതരിപ്പിക്കുന്നതിൽ നിന്ന്‌ പ്രതിപക്ഷത്തെ വിലക്കിയതിലൂടെ യുഡിഎഫ് സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന ശതകോടികളുടെ അഴിമതിയാണ്‌ ഇതോടെ വെളിച്ചത്തുവന്നിരിക്കുന്നത്‌. കുത്തക മദ്യക്കമ്പനികള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയും അഴിമതിയും മറയ്‌ക്കാനാണ്‌ ജനാധിപത്യ വിരുദ്ധമായ നടപടിയിലൂടെ സഭയിൽ നോട്ടീസ്‌ പോലും അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്നും സി.പി.ഐ (എം) കുറ്റപ്പെടുത്തി.

ഇന്ധന വില കുത്തനെ കൂട്ടിയപ്പോള്‍ ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന്‌ അര ശതമാനം നികുതി ഒഴിവാക്കി പൊതുജനങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ പോലും തയ്യാറാവാത്ത യു.ഡി.എഫ്‌ സര്‍ക്കാരാണ് കുത്തക കമ്പനികൾക്കായി വലിയ ഇളവുകൾ നൽകുന്നത്. കുത്തക കമ്പനിക്ക്‌ മദ്യമൊഴുക്കാന്‍ 131 ശതമാനം നികുതിയിളവാണ്‌ സര്‍ക്കാര്‍ നല്‍കിയത്. കേരളത്തില്‍ മദ്യമൊഴുക്കാനും, യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ഇതിന് അടിമകളാക്കാനും അതുവഴി മദ്യക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നത്. അടിയന്തര പ്രമേയം അനുവദിച്ചാൽ ഈ വിഷയത്തിൽ യുഡിഎഫിലും മന്ത്രിസഭയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പുറത്തുവരുമായിരുന്നു. ഇത് തടഞ്ഞ് സർക്കാരിനെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചത്.