സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുന്നുവെന്ന് പിണറായി വിജയൻ
സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുന്നുവെന്ന് പിണറായി വിജയൻ. സർവകലശാലകളുടെ മതേതര മൂല്യങ്ങൾ യു ഡി എഫ് സർക്കാർ സംഘപരിവാറിന് അടിയറവെക്കാനാണ് ശ്രമിക്കുന്നത്. ബി ജെ പി സർക്കാർ ആദ്യം കൈ വെച്ചത് സർവകലാശാലകളിലാണ്. തങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ ഒരു തലമുറയെ വാർത്തെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. സർവകലാശാലകളെ കാവിവത്ക്കരിക്കാൻ കേരളത്തിലും ശ്രമം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിനവർ ഉപയോഗിക്കുന്നത് ഗവർണർമാരെയാണ്. മുൻ ഗവർണർ കാട്ടികൂട്ടിയ കോലാഹലങ്ങൾ ആരും മറന്നിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ദേവിയുടെ ചിത്രം അവർ പ്രദർശിപ്പിച്ചു. മതേതരമായിടത്ത് വർഗീയതയുടെ വിത്ത് പാകാനുള്ള ഗൂഢാലോചനയാണ് അരങ്ങേറിയത്. ആർ എസ് എസിന്റെ ഭാരതാംബയെ അംഗീകരിക്കില്ലെന്ന് ഒറ്റ സ്വരത്തിൽ നമ്മൾ പ്രഖ്യാപിച്ചുവെന്നും ഇപ്പോത്തെ സർക്കാരിന് വിഷയത്തിൽ അഴകൊഴമ്പൻ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന നിലപാടല്ല കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. നേർക്കുനേർ യുദ്ധമാണ് അന്ന് സര്ക്കാർ നടത്തിയത്.
ഗവർണർക്ക് അനുകൂലമായ നിലപാടാണ് ഓരോ ഘട്ടത്തിലും യു ഡി എഫ് സ്വീകരിച്ചത്. യു ഡി എഫ് വന്നപ്പോൾ സർവ്വകലാശാലകളിൽ കാവിവത്കരണത്തിന് എതിരായ ചെറുത്തു നിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി എം ശ്രീയിലും ഇതേ വിധേയപ്പെടൽ ഉണ്ടാകുന്നു.
പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഭരണത്തിൽ വന്നപ്പോൾ ആർഎസ്എസിന് പണയപ്പെടുത്തുന്നു. PM ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗം തീരുമാനിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണ്. സിജെപി പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസ് മാറി നിന്നു. സമരത്തിന് രാജ്യവ്യാപക പിൻതുണ ലഭിച്ചപ്പോൾ കോൺഗ്രസ് പ്രതിഷേധവുമായി ഇറങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.
