അന്വേഷണം അടൂർ പ്രകാശിലേക്ക് നീളുമ്പോൾ യുഡിഎഫിന് പരിഭ്രാന്തി; എസ്ഐടിക്കെതിരായ നീക്കം അവസരവാദമെന്ന് എം.വി. ഗോവിന്ദൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണസംഘം (SIT) ഫലപ്രദമായാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം യുഡിഎഫ് നേതാക്കളിലേക്ക് നീങ്ങുന്നു എന്ന് കണ്ടപ്പോഴാണ് എസ്ഐടിക്കെതിരെ അവർ രംഗത്തുവന്നതെന്നും ഇത് രാഷ്ട്രീയ അവസരവാദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണസംഘത്തെ നേരത്തെ പിന്തുണച്ചിരുന്ന യുഡിഎഫ് ഇപ്പോൾ നിലപാട് മാറ്റുന്നത് അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കളിലേക്ക് അന്വേഷണം എത്തുന്നതിനാലാണ്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്വർണ്ണ വ്യാപാരി ഗോവർധനും സോണിയ ഗാന്ധിയെ സന്ദർശിച്ച ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ആന്റോ ആന്റണി എംപിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി കരുണാകരന് പോലും കിട്ടാത്ത അപ്പോയിന്റ്‌മെന്റ് ഇവർക്ക് എങ്ങനെ ലഭിച്ചുവെന്നും ആരാണ് ഇതിന് പിന്നിലെന്നും യുഡിഎഫ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ച യുഡിഎഫ്, ഇപ്പോൾ പ്രതിരോധത്തിലായപ്പോൾ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. വിശ്വാസികളുടെയോ അയ്യപ്പന്റെയോ പണം തട്ടുന്ന പ്രസ്ഥാനമല്ല സിപിഎം എന്ന് ജനങ്ങൾക്കറിയാം. ശബരിമലയിലെ ഓരോ തരി സ്വർണ്ണവും സംരക്ഷിക്കപ്പെടണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
