പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു എൻ
പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു എൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിദാൽ മാലിക് ഹസൻ്റ വധശിക്ഷ പെൻ്റഗൺ ലൈവ് സ്ട്രീം ചെയ്യുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന. ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യുന്നത് പരസ്യമായ വധശിക്ഷയ്ക്ക് തുല്യമാണെന്നും പീഡന നിരോധനം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) വ്യക്തമാക്കി.
2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ നടന്ന വെടിവയ്പ്പിൽ 13 പേരെ കൊലപ്പെടുത്തുകയും 32 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് നിദാൽ മാലിക് ഹസൻ. ഡിസംബർ മൂന്നിനാണ് വധശിക്ഷ നടപ്പാക്കുന്നത്. സൈനികർ കൂട്ടമായി പ്രതിക്കു നേരെ വെടിയുതിർത്താണ് വധശിക്ഷ. 1945 ന് ശേഷം ഇതാദ്യമായാണ് ഫയറിങ് സ്ക്വാഡിനെ ഉപയോഗിച്ച് അമേരിക്ക വധശിക്ഷ നടപ്പാക്കുന്നത്.
