ഇറാനിലെ പമ്പിങ് സ്റ്റേഷൻ ബോംബിട്ട് തകർത്ത് യുഎസ്, ഒരു മരണം

  1. Home
  2. Latest

ഇറാനിലെ പമ്പിങ് സ്റ്റേഷൻ ബോംബിട്ട് തകർത്ത് യുഎസ്, ഒരു മരണം

iran


 

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിൽ അമേരിക്ക ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. അതിനിടെ ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ യുഎസ്-ഇറാൻ ശത്രുതയും വ്യോമാക്രമണങ്ങളും വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ആക്രമണം രൂക്ഷമായത്. ഹോർമുസ് കടലിടുക്ക് മേഖലയിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൈനിക നടപടിയെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് പറയുന്നത്.ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തിയത്. ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്‌മ് ദ്വീപ്, ജാസ്ക് തുടങ്ങിയ തെക്കൻ ഇറാനിയൻ പ്രദേശങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ഒരു കാർഷിക ജല പമ്പിങ് സ്റ്റേഷനിലുണ്ടായ യു.എസ് ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമോസ്ഗാൻ പ്രവിശ്യയിലും ജാസ്ക് തുറമുഖത്തുമായി നടന്ന മറ്റ് ആക്രമണങ്ങളിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇതിന് പുറമെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളും നടത്തി. കുവൈറ്റിലെ മൂന്ന് അതിർത്തി പോസ്റ്റുകൾക്കും ഒരു ക്രൂഡ് ഓയിൽ പ്ലാറ്റ്‌ഫോമിനും നേരെ ആക്രമണമുണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇറാന്റെ നടപടിയെ 'അപകടകരമായ നീക്കം' എന്നാണ് ഖത്തർ പ്രതികരിച്ചത്. ഹോർമുസിൽ ജിഎഫ്എസ് 'ഗാലക്സി' എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ നേരത്തെ ആക്രമണംനടത്തിയിരുന്നു. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരെ ഒമാൻ രക്ഷപ്പെടുത്തി. ഇതിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി റിപ്പോർട്ടുണ്ട്.