ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് 45 റീപ്പർ ഡ്രോണുകൾ, 130 കോടി ഡോളർ നഷ്ടമായതായി റിപ്പോർട്ട്
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയത് 45 എംക്യു-9 റീപ്പർ സർവയലൻസ് ആൻഡ് സ്ട്രെെക്ക് ഡ്രോണുകൾ നഷ്ടമായതായി റിപ്പോർട്ട്. ഇത് യുഎസ് സൈന്യത്തിന്റെ കൈവശമുള്ള എംക്യു 9 ഫ്‌ലീറ്റിന്റെ നാലിലൊന്ന് വരുമെന്നും ഇതുവഴി അമേരിക്കൻ ഖജനാവിന് 130 കോടി ഡോളർ നഷ്ടമുണ്ടായെന്നും ‘ദ വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ ഡ്രോണുകളും വെടിയേറ്റല്ല തകർന്നതെന്നും ചിലതൊക്കെ നിയന്ത്രിക്കുന്നവരും എയർക്രാഫ്റ്റിനും തമ്മിലുണ്ടായ ആശയവിനിമയത്തിലെ അപാകത്തെ തുടർന്ന് തകർന്നുവീഴുകയാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. ഇക്കൊല്ലം ഫെബ്രുവരി 28-ന് ഇറാനുമായി യുദ്ധം ആരംഭിക്കുന്ന സമയത്ത് യുഎസിന് ഏകദേശം 185 എംക്യു-9 റീപ്പറുകൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഇതിൽ 165 എണ്ണം എയർഫോഴ്‌സിന്റെയും 20 എണ്ണം മറീൻ കോറിന്റെയും കൈവശമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ മറീൻ കോറിന്റെ കൈവശമുള്ള റീപ്പറുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് വിവരം.
നിരീക്ഷണത്തിനും കൃത്യതയാർന്ന ആക്രമണത്തിനും ഉപയോഗിക്കുന്ന എംക്യു-9 റീപ്പറുകളുടെ നിർമാതാക്കൾ ജനറൽ അറ്റോമിക്‌സ് ആണ്. 2007-ൽ യുഎസ് സൈന്യത്തിന്റെ ഭാഗമായ ഇവ, മിഡിൽ ഈസ്റ്റിലെയും അഫ്ഗാനിസ്താൻ, ഇറാഖ് തുടങ്ങിയിടങ്ങളിലെയും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും സംഘർഷമേഖലയിലുമാണ് ഉപയോഗിച്ചുവന്നിരുന്നത്. ശേഷി അനുസരിച്ച് മൂന്നുകോടി മുതൽ അഞ്ചുകോടി രൂപവരെയാണ് ഒരു റീപ്പറിന്റെ വില. ഹോർമുസ് കടലിടുക്കിന് മുകളിൽവെച്ചാണ് പല എംക്യൂ-9 റീപ്പറുകളും വെടിവെച്ചുവീഴ്ത്തപ്പെട്ടതെന്നാണ് റിപ്പോർട്ട്.
