മുതലാളിത്ത വത്കരണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ- എം വി ഗോവിന്ദൻ

  1. Home
  2. Latest

മുതലാളിത്ത വത്കരണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ- എം വി ഗോവിന്ദൻ

MV Govindan


 

തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞതെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശന് ധൈര്യമുണ്ടെങ്കിൽ എറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണം. ആരാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് മടിയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.

കേരളത്തിൻറെ ചിത്രം മാറുകയാണെന്നും സർവ്വ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരികയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. മുതലാളിത്ത വത്കരണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ പൂർണ്ണമായും സ്പോൺസേർഡ് ആണ് എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. കുത്തക മുതലാളിമാരുടെ ആനുകൂല്യം പറ്റി അവർക്ക് ആനുകൂല്യം നൽകി മുന്നോട്ടു പോകുന്ന സർക്കാർ ആണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

വന്ദേമാതരത്തിന്‍റെ ആദ്യ ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നാണ് ഗാന്ധിജിയും നെഹ്റുവും തീരുമാനിച്ചത്. മുഴുവൻ പാടണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ഇതിന് പൂർണമായും വഴിപ്പെടുകയാണ് സംസ്ഥാന സർക്കാർ. പിണറായി വിജയനെ ലക്ഷ്യമിട്ടു കൊണ്ടുള്ള എക്സാലോജിക് കേസ് എങ്ങും എത്തിയില്ല. ശശിധരൻ കർത്ത കൃത്യമായി സേവനം കിട്ടിയെന്ന് മൊഴി നൽകിയിട്ടുണ്ട്. കേസ് നിലനിൽക്കില്ലെന്ന് മനസ്സിലാക്കിയ ഇഡി വേറൊരു തരത്തിലേക്ക് പോയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.