വി മുരളീധരന്‍ കാണിച്ചത് തരംതാണ നടപടി', ലജ്ജാവഹമെന്ന് വി ശിവന്‍കുട്ടി
കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകളോട് വി മുരളീധരന്‍ എംഎല്‍എ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടിയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്നും അദ്ദേഹം പറഞ്ഞു.പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച്, അവിടുത്തെ വിദ്യാര്‍ത്ഥികളെ ഇത്രത്തോളം അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
