തലസ്ഥാനത്ത് വിവി രാജേഷ്, തിരുവനന്തപുരം കോർപ്പറേഷനിൽ രാജേഷ് മേയറാവും
വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ ഇന്ന് ചർച്ച നടന്നിരുന്നു. സാഹചര്യം നേതാക്കൾ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. കൂടാതെ നിയമസഭാ സീറ്റ് ഓഫർ ചെയ്തെന്നും ജയസാധ്യത കൂടുതലുള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നുമാണ് സൂചന.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്. വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയാണ്. സിറ്റിങ് വാർഡുകൾ പലതും നഷ്ടപ്പെട്ടിരുന്നു.കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും തുണച്ചില്ല. പത്ത് സീറ്റിലേക്ക് 2020 ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവായിരുന്നു. ബിജെപിക്കാകും യുഡിഎഫ് ക്ഷീണമാവുകയെന്ന് കരുതിയ എൽഡിഎഫിന്‍റെ കണക്കുകൂട്ടലും തെറ്റി. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു.
