വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്ക്; കേന്ദ്രം ഉറപ്പ് നൽകിയതായി ബിജെപി
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കേരളത്തിലെത്തിക്കാൻ കേന്ദ്ര മന്ത്രിമാരുമായി വിശദമായ ചർച്ചകൾ നടത്തിയതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, സംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്ത്, ജലശക്തി മന്ത്രി സി.ആർ.പാട്ടീൽ തുടങ്ങിയവർ മികച്ച പിന്തുണ ഉറപ്പു നൽകിയതായും ഇവർ അറിയിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഗഡ്കരിയോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർറിങ് റോഡ് ഉടൻ നടപ്പാക്കും. വരാനിരിക്കുന്ന കാബിനറ്റ് പദ്ധതി അംഗീകരിക്കും. സഞ്ചാര ഇടനാഴി മാത്രമല്ല സാമ്പത്തിക ഇടനാഴിയായാണ് പദ്ധതി നടപ്പാക്കുന്നത്. 16,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
