വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ ട്രാക്കിലേയ്ക്ക്
രാജ്യം കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേയ്ക്ക്. ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. പുതുതലമുറ ട്രെയിനിൽ 16 കോച്ചുകളുണ്ടാകുമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ വരവ് ദീർഘദൂര, രാത്രികാല റെയിൽ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറും.
ആകെ 823 യാത്രക്കാര്‍ക്കാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുക. 11 എസി 3-ടയർ കോച്ചുകളും, 4 എസി 2-ടയർ കോച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ഉണ്ടാകുക. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത കുഷ്യനിംഗുള്ള ബെർത്തുകൾ, മികച്ച യാത്രാ സുഖത്തിനായി നൂതന സസ്‌പെൻഷൻ സംവിധാനങ്ങൾ, ശബ്‌ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഉൾപ്പെടും. ദിവ്യാംഗ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവ ശുചിത്വം, യാത്രാസുഖം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.
മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസുകൾ എത്തുന്നത്. കവച് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, എമർജൻസി പാസഞ്ചർ ടോക്ക്-ബാക്ക് യൂണിറ്റുകൾ, അത്യാധുനിക ഡ്രൈവർ ക്യാബ് എന്നിവ ട്രെയിനിൽ ഉണ്ടായിരിക്കും. ഇതിന്റെ എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്കരിച്ച ഇന്റീരിയറും തദ്ദേശീയ റെയിൽ എഞ്ചിനീയറിംഗിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈ സര്‍വീസ് ആരംഭിക്കുന്നതോടെ അസമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
