പൊലീസ് അസോസിയേഷൻ കേസിലെ വിധി യുഡിഎഫ് സർക്കാരിന് പ്രഹരം: എം വി ഗോവിന്ദൻ
എന്തും ചെയ്യാൻ മടിക്കാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസുകാരോട് ചർച്ചപോലും ചെയ്യാതെ ഏകപക്ഷീയമായ നിലപാടുകളിലേക്കാണ് സർക്കാർ നീങ്ങിയത്. ഇതിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫ് സർക്കാരിനുമേറ്റ വലിയ പ്രഹരമാണ് പൊലീസ് അസോസിയേഷൻ കേസിലെ ഹൈക്കോടതി ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം മാറിയ ഉടൻതന്നെ വലിയ തോതിലുള്ള അഴിമതിയിലൂടെ എല്ലാ മേഖലയിലും സ്ഥലംമാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പൊലീസ് അസോസിയേഷനുകളുടെ നിയന്ത്രണം കോൺഗ്രസിന് കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ നടക്കുന്നുവെന്ന് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ പൊലീസ് വിഭാഗത്തിൽ മൂന്ന് പ്രധാന അസോസിയേഷനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുകയാണ് നടന്നത്. സംഘടനയുടെ ഭരണം പിടിക്കാനായി അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ അഡ്ഹോക്ക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത് യുഡിഎഫിനേറ്റ വലിയ പ്രഹരമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
എല്ലാ മേഖലയിലും യുഡിഎഫ് കൈകാര്യം ചെയ്യുന്നത് ഇതേ നയമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ആശുപത്രികളിലെ ഡോക്ടർമാരുടെ വേതനം, അങ്കണവാടികളിലെ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് യാതൊരു ഫണ്ടും അനുവദിക്കുന്നില്ല. ഭൂരിപക്ഷം മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും യുഡിഎഫ് ആണ് ഭരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സ്തംഭിക്കുന്ന നിലയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
