കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ വിജയ് ഇന്ന് കാണും, കൂടിക്കാഴ്ച മഹാബലിപുരത്തെ റിസോർട്ടിൽ

  1. Home
  2. Latest

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ വിജയ് ഇന്ന് കാണും, കൂടിക്കാഴ്ച മഹാബലിപുരത്തെ റിസോർട്ടിൽ

tvk


തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാർട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല.

വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കായി റിസോർട്ടിലെ 50 മുറികൾ ബുക്ക്ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവരെ വീടുകളിൽ നിന്ന് കാറുകളിൽ കരൂരിലെത്തിച്ച ശേഷം എട്ട് ബസുകളിലായാണ് മഹാബലി പുരത്തേക്ക് എത്തിച്ചത്. 38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ആചാരപരമായ ചടങ്ങുകളുള്ളതിനാൽ ചില കുടുംബങ്ങൾ മഹാബലിപുരത്ത് എത്തിയിട്ടില്ല. വിജയ് കരൂരിൽ വരാതെ റിസോർട്ടിലേക്ക് വിളിപ്പിച്ചതിൽ ചില കുടുംബങ്ങൾ അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കരൂർ സന്ദർശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് ആദ്യം പദ്ധതിയിട്ടിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കൺസൾട്ടൻസി സ്ഥാപനമായ വോയ്‌സ് ഓഫ് കോമൺസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയോടെ വിജയ് ആരംഭിക്കുന്ന പരിപാടിയിൽ മരിച്ച 41 പേരുടെ ഫോട്ടോയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അർപ്പിക്കും. പിന്നീട് കുടുംബത്തിന് അനുവദിച്ച മുറിയിൽ എത്തി കുടുംബങ്ങളുമായി വ്യക്തിപരമായി വിജയ് കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിയോടെ യോഗം അവസാനിക്കുന്ന നിലയിലാണ് ക്രമീകരണങ്ങൾ. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.അതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന് പകരം പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലം സന്ദർശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയെന്നും സിബിഐ അറിയിച്ചു.