വിജയ്‌യുടെ പാർട്ടിക്ക് വമ്പൻ തിരിച്ചടി; എടപ്പാടിയിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
തമിഴ് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം ലക്ഷ്യമിട്ടെത്തിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (TVK) നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത പ്രഹരം. സേലം ജില്ലയിലെ നിർണ്ണായക മണ്ഡലമായ എടപ്പാടിയിൽ ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മതിയായ എണ്ണം ആളുകൾ പിന്താങ്ങാനില്ലാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ വിജയ്‌യുടെ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയായി.
നിയമപ്രകാരം പത്ത് പേർ പിന്താങ്ങി ഒപ്പിടേണ്ട സ്ഥാനത്ത് എട്ട് പേരുടെ ഒപ്പ് മാത്രമാണ് അരുൺകുമാറിന്റെ പത്രികയിൽ ഉണ്ടായിരുന്നത്. പകരക്കാരിയായി എത്തിയ നിത്യയുടെ പത്രികയും സമാന കാരണത്താൽ തള്ളപ്പെട്ടു. പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ സ്ഥാനാർത്ഥിയെ കാണാനില്ലെന്ന പരാതിയുമായി ടിവികെ പ്രവർത്തകർ രംഗത്തെത്തി. അരുൺകുമാറിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എടപ്പാടി പളനിസ്വാമിയും ഡിഎംകെ സ്ഥാനാർത്ഥി സി. കാശിയും മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയ്‌യുടെ പാർട്ടിക്ക് തുടക്കത്തിൽ തന്നെ ഏറ്റ ഈ ആഘാതം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ്. മെയ് നാലിന് ഫലം പുറത്തുവരും.
