വി.കെ. മിനിമോൾ കൊച്ചി മേയർ; സൗമിനി ജെയിനിനുശേഷം നഗരത്തെ നയിക്കാൻ വനിതാ സാരഥി
കൊച്ചി കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ വി.കെ. മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗൺസിലിൽ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോൾ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിൻ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം കളക്ടർ മുൻപാകെ വി.കെ. മിനിമോൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സൗമിനി ജെയിനിനുശേഷം കൊച്ചി നഗരസഭയുടെ മേയർ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോൾ.
നാലാം തവണയാണ് മിനിമോൾ കോർപ്പറേഷനിലേക്ക് വിജയിക്കുന്നത്. നിലവിൽ പാലാരിവട്ടം ഡിവിഷനെ പ്രതിനിധീകരിക്കുന്ന അവർ മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്. ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച ജഗദംബികയ്ക്ക് 22 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി പ്രിയ പ്രശാന്തിന് ആറ് വോട്ടുകളുമാണ് ലഭിച്ചത്. ദീപ്തിമേരി മോൾ വർഗീസ് ഉൾപ്പെടെയുള്ള കൗൺസിലർമാർ പുതിയ മേയറെ അഭിനന്ദിച്ചു. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചുമതലയേറ്റ ശേഷം മിനിമോൾ പ്രതികരിച്ചു.
ഇടതുമുന്നണി ഭരണം തകർത്ത് വലിയ വിജയം നേടിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. മേയർ പദവി ടേം വ്യവസ്ഥയിൽ വീതം വെക്കാനാണ് യുഡിഎഫിലെ ധാരണ. ഇതനുസരിച്ച് ആദ്യ രണ്ടര വർഷം വി.കെ. മിനിമോൾ പദവിയിലിരിക്കും. തുടർന്ന് വരുന്ന രണ്ടര വർഷം ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേൽക്കും.
