വോട്ടു വെട്ടൽ വിവാദത്തിൽ താരമായി; മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മിന്നുന്ന വിജയം
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധാകേന്ദ്രമായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ടുകൾ നേടിയാണ് വൈഷ്ണ വിജയിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി അംശു വാമദേവന് 231 വോട്ടും ബി.ജെ.പി. സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ടും നേടാനായി.
സി.പി.എം. നൽകിയ പരാതിയെ തുടർന്ന് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആരോപണം. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരി അല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ പ്രാഥമിക നടപടിയുണ്ടായത്.
എന്നാൽ, ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി ഇടപെടലിനെ തുടർന്ന് വോട്ട് ചെയ്യാനും മത്സരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുകയുമായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ രാഷ്ട്രീയം കലർത്താൻ പാടില്ല എന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയാണ് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. ഈ നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണയുടെ മിന്നുന്ന വിജയം.
