വഖ്ഫ്: നിയമിക്കപ്പെടുന്ന അമുസ്ലിങ്ങൾ RSSകാരാകാനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിച്ചത്- ഉമർ ഫൈസി
സി.പി.എം. മലപ്പുറത്ത് നടത്തിയ വഖ്ഫ് സെമിനാറിലെ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരേ നടപടിയാവശ്യപ്പെട്ടവർ ഉന്നയിച്ച ആരോപണങ്ങൾ അവാസ്തവമാണെന്ന് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിലും, സംസ്ഥാന വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ടും, വഖ്ഫ് ബോർഡംഗമായ തനിക്കെതിരേയും നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖ്ഫ് ബോർഡംഗമെന്ന നിലയിൽ തന്റെ ബാധ്യതകൂടിയായതുകൊണ്ടാണ് പരിപാടിയിൽ സംബന്ധിച്ചത്. പ്രസ്തുത സെമിനാറിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചിലകാര്യങ്ങൾ വ്യക്തമാക്കുകമാത്രമാണ് പ്രസംഗത്തിലൂടെ ചെയ്തതെന്നും ഉമർ ഫൈസി പറഞ്ഞു.
ഹൈക്കോടതിയിൽ ആർ.എസ്.എസിനും ബി.ജെ.പി. നേതാവിനും അനുകൂലമായി സംസ്ഥാന സർക്കാർ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്തപ്പോഴും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഫയൽചെയ്ത ഹർജിയിൽ വഖ്ഫ് ബോർഡ് കേരളത്തിന്റെ പൊതുക്രമത്തിന് തടസ്സമാണെന്ന ആർ.എസ്.എസ്. നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ സർക്കാർ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ഫൈസി ആരോപിച്ചു.
